പെരുമ്പാവൂർ: അയ്മുറിയിൽ പൂപ്പാനി റോഡിനു കുറുകെയുള്ള പെരിയാർവാലി കനാൽ സൈഫൺ ഭിത്തികളിൽ വീണ്ടും ചോർച്ച.
കൂവപ്പടി പഞ്ചായത്തിൽ വരൾച്ചയും രൂക്ഷമായ കുടിവെള്ളക്ഷാമവും തുടങ്ങിയതോടെയാണ് പെരിയാർവാലി ഇറിഗേഷൻ വകുപ്പ് കനാലിലൂടെ വെള്ളം തുറന്നുവിട്ടു തുടങ്ങിയത്.
നീരൊഴുക്കു തുടങ്ങിയതോടെ ഭിത്തിവിടവുകളിലൂടെ വെള്ളം റോഡിലേക്കൊഴുകി പാഴാകുകയാണ്. സൈഫണിന്റെ സമീപത്ത് അറ്റകുറ്റപ്പണികൾ നടത്തി ഇവിടെ റോഡ് കോൺക്രീറ്റ് ചെയ്തിട്ട് ഏതാനും ആഴ്ചകളേയായുള്ളൂ.
റോഡിന്റെ ഇരുവശങ്ങളിലേയ്ക്കായി വെള്ളം ഒഴുകിപ്പരക്കുന്നതിനാൽ ഇരുചക്രവാഹനയാത്രക്കാർ തെന്നിവീണ് അപകടമുണ്ടാകാനും ഇടയുണ്ട്. ഒരാഴ്ചയിലേറെ ഗതാഗതം തടഞ്ഞാണ് ഇവിടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്. എന്നിട്ടും ഭിത്തികളിലെ ചോർച്ച കണ്ടെത്തി പരിഹരിക്കാൻ അധികൃതർക്കായില്ല.